ചുള്ളിക്കാടിന്റെ പാബ്ലോ നെരൂദ

 


ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുകയുണ്ടായി, മലയാള ഭാഷയെ പരിപോഷിപ്പിക്കാനോ മലയാള സാഹിത്യചരിത്രത്തിൽ സ്ഥാനം പിടിക്കാനോ അതുമല്ലെങ്കിൽ ഏതെങ്കിലും സാഹിത്യ ശാഖയുടെ മുൻനിര സ്ഥാനം അലങ്കരിക്കാനോ അല്ല താൻ കവിത എഴുതുന്നത്. മറിച്ച് തന്റെ സമാനമായ വേദന അനുഭവിക്കുന്ന വായനക്കാരന് വേണ്ടി മാത്രമാണ് തന്റെ കവിതകൾ. അവർ മാത്രം തന്നെ വായിച്ചാൽ മതി എന്ന നിര്ബന്ധ ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വായനകളും അദ്ദേഹത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ് എന്ന് അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന് നമുക്ക് മനസ്സിലാവും. ബാലചന്ദ്രൻ ചുള്ളിക്കാടിനെ വളരെയേറെ സ്വാധീനിച്ച ഒരു കവിയായിരുന്നു ചിലിയൻ ഇതിഹാസമായിരുന്ന പാബ്ലോ നെരൂദ. നെരൂദയുടെ കവിതകൾ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടിയെ മാത്രമല്ല അദ്ദേഹത്തിന്റെ ചിന്താധാരകളെയും അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്. തന്റെ കവിതയിൽ അദ്ദേഹം നെരൂദയെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നു.

" നെരൂദാ, നിന്റെ ഭ്രാന്തും നിന്റെ കവിതയും കൈകോർത്തു പിടിച്ചുകൊണ്ട് വാവിട്ടുനിലവിളിച്ചുകൊണ്ട് ഭൂമിക്കു മുകളിൽ ഓടിനടക്കുന്നു."

ഒരിക്കൽ പോലും പരസ്പരം കണ്ടിട്ടില്ലെങ്കിലും നെരൂദയുടെ വരികൾ തന്നെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ടെന്ന് ചുള്ളിക്കാട് തുറന്ന് സമ്മതിക്കുന്നുണ്ട്. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിനിടയിൽ നെരൂദ കവിതയിലൂടെ നടത്തിയ പോരാട്ടങ്ങളും തൊഴിലാളി വർഗ്ഗത്തിനെതിരെയുള്ള ചൂഷണങ്ങൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമരങ്ങളും അദ്ദേഹത്തെ ചുള്ളിക്കാടിന്റെ പ്രിയപ്പെട്ടവനാക്കുന്നുണ്ട്. നെരൂദ പ്രണയത്തെ നിർവചിക്കുന്നത്, ചൂഷണത്തിനെതിരെയുള്ള പോരാട്ടങ്ങൾ എല്ലാം ചുള്ളിക്കാടിനെ വല്ലാതെ ത്രസിപ്പിച്ചു. 

" നിന്റെ സായാഹ്നങ്ങളിൽ നിന്ന് പ്രണയത്തിന്റെയും പകയുടെയും ഗർവ്വിന്റെയും വേദനയുടെയും സ്നേഹത്തിന്റെയും കൊലയുടെയും തീയും തേനും ചേർത്ത് പണിത പഴുതുകൾ ഗോപുരം പോലെ ഉയർന്നു വരുന്നു. വരികളുടെ മാരകമായ പടയോട്ടങ്ങളിൽ യുദ്ധം ചെയ്യുന്ന ജനങ്ങളുടെ സ്വപ്നം മുഴങ്ങുന്നു."

പ്രസിദ്ധ സൈദ്ധാന്തികനായ ബെർട്രാൻഡ് റസ്സൽ ഒരിക്കൽ മഹത്വത്തിന്റെ മാനദണ്ഡം ചർച്ച ചെയ്യുന്ന സമയത്ത് പറയുകയുണ്ടായി. മനുഷ്യവംശത്തിന്റെ ദുരിതങ്ങളെ ചൊല്ലി അടങ്ങാത്ത വേദന അനുഭവിക്കുന്നവർ ആരാണോ അവരാണ് മഹത്വത്തിൽ എത്തിയവർ. ഇത്തരത്തിൽ മഹത്വത്തിൽ എത്തിയ ഒരാളായിട്ടാണ് ചുള്ളിക്കാടിന്റെ മനസ്സിൽ നെരൂദ കുടികൊള്ളുന്നത്. മജ്ജയും മാംസവുമുള്ള മനുഷ്യചരിത്രം നെരൂദയെയും അദ്ദേഹത്തിന്റെ മൂർച്ചയുള്ള വരികളെയും എന്നും ഓർത്തിരിക്കും എന്ന് ചുള്ളിക്കാട് വിശ്വസിക്കുന്നു. മാത്രമല്ല മനുഷ്യ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും തൊട്ടറിഞ്ഞ എഴുത്തുകാരനായാണ് ചുള്ളിക്കാട് നെരൂദയെ നിർവചിക്കുന്നത്. നെരൂദ ചുള്ളിക്കാടിന്റെയുള്ളിൽ സർവ്വരൂപിയായി നിറയുന്ന നിമിഷങ്ങളെ ചുളിക്കാടിലെ കവി ഇങ്ങനെ വരച്ചിടുന്നു. 

'' നെരൂദാ നീയെനിക്ക് ചവർക്കുന്നു, കയ്ക്കുന്നു, കരിമ്പുനീർ പോലെ മധുരിച്ച് എരിയുന്നു."



Comments

Popular posts from this blog

Quantity Matters but Quality too!

ഹൃദയം