അന്തിക്രിസ്തു


 

മോനേ.. എന്തുറക്കമാണിത്..? അമ്മയ്ക്കൊന്ന് കാണണം നിന്നെ..! അമ്മയുടെ കണ്ണില്‍ നിന്ന് രക്തം ഒഴുകുന്നതെന്തിനാണെന്ന് ഇവാന് മനസ്സിലായില്ല.അമ്മ കരയുകയാവാം. മോനേ വാ. അമ്മയുടെ അടുത്തേക്ക് പറന്നു വാ. ഒരു തുള്ളി രക്തം അമ്മയുടെ കണ്ണില്‍ നിന്നും ഇവാന്‍റെ മുഖത്ത് വീണു. അയാള്‍ മുഖത്ത് വീണ ചെറിയ നനവേറ്റ് ഞെട്ടിയുണര്‍ന്നു. ഇവാന്‍ ചുറ്റും നോക്കി.. ഇല്ല.. ആരുമില്ല.. അയാള്‍ ശരിക്കും ഭയന്നിരിക്കുന്നു. മുഖത്ത് രക്തത്തിന്‍റെ നനവ് തന്നെയാണോ പടര്‍ന്നിരിക്കുന്നത് എന്ന് തൊട്ട് നോക്കാന്‍ അയാളുടെ ഭയം അനുവദിക്കുന്നില്ല. അയാള്‍ പുതപ്പ് ദേഹത്ത് നിന്നൊഴിവാക്കി എണീറ്റു.. പിന്നീട് തന്‍റെ മുഖത്ത് പടര്‍ന്നത് രക്തം തന്നെയാണോയെന്ന് ഉറപ്പ് വരുത്താന്‍ അയാളുറച്ചു. ഇവാന്‍ കണ്ണാടി ലക്ഷ്യമാക്കി നീങ്ങി. കണ്ണാടിയില്‍ അമ്മ ചിരിക്കുന്നു. ഇവാന്‍ നീയെന്താ അമ്മയെ കാണാന്‍ വരാത്തെ. ഇവാന്‍ പേടിച്ച് പിറകിലേക്ക് വീണു.. ഒരു നിമിഷത്തേക്ക് അയാളുടെ ബോധം മറഞ്ഞിരിക്കുന്നു. അമ്മയുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി രക്തം കൂടി വീണിരിക്കുന്നു. ഇവാന്‍ കണ്ണു തുറന്നു. ഇത്തവണ കണ്ണാടിയില്‍ ഒരിക്കല്‍ കൂടി നോക്കാന്‍ അയാളുടെ ഉള്ളിലെ ഭയം അനുവദിക്കുന്നില്ല. ഇവാന്‍ തന്‍റെ മുഖത്തെ രക്തം കെെ കൊണ്ട് തുടച്ചു. അതെ രക്തമാണ്. ചൂടുള്ള ചുവന്ന രക്തം. അയാളുടെ പേശികള്‍ വലിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇനി ഈ രാത്രി നിദ്ര തന്നെ തേടി വരില്ലെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു.. അമ്മ തന്നെ വിളിക്കുകയാണ്. അയാള്‍ അമ്മയെ കാണാന്‍ തന്നെ തീരുമാനിച്ചു. പപ്പയുടെ പഴയ ടോര്‍ച്ചടെത്ത് തന്‍റെ ഒറ്റമുറി വീടിന്‍റെ താഴിട്ട് അയാള്‍ പുറത്തിറങ്ങി.നല്ല നിലാവുണ്ട്.. തെരുവ് ശാന്തമായി ഉറങ്ങുന്നു. ചീവിടുകളുടെ ചെറുശബ്ദങ്ങളല്ലാതെ മറ്റൊന്നും ഇവാന്‍റെ ചെവിയില്‍ വന്നു വീണില്ല.. നിശാനൃത്തശാലകളും ഗാര്‍ഡ്നര്‍ ബ്രദേഴ്സിന്‍റെ അന്തപ്പുരങ്ങളും പിന്നിട്ട് ഇവാന്‍ നടന്നു. വിശുദ്ധ അന്തോണീസിന്‍റെ പള്ളിയില്‍ മാത്രം മങ്ങിക്കത്തുന്ന ഒരു വെളിച്ചം കണ്ടു. പള്ളിയെ പിന്നിലാക്കി ഇവാന്‍ സെമിത്തേരിയിലേക്ക് അമ്മയുടെ കല്ലറ ലക്ഷ്യമാക്കി നടന്നു.. ഇവാന്‍..!! ശബ്ദം കേട്ട ഇവാന്‍ പെട്ടന്ന് തിരിഞ്ഞ് നോക്കി. ഫാദര്‍ ഇവാനിയോസ് .. ഇവാന്‍ എന്താ ഈ അര്‍ദ്ധരാത്രി തനിച്ച്.. എങ്ങോട്ടാണ് നിന്‍റെ യാത്ര. അമ്മ..! അമ്മയെ കാണണം. എന്താ ഇപ്പോള്‍ ഒരു അമ്മ സ്നേഹം. നീ ജയിലില്‍ നിന്ന് വന്നു എന്ന് ഞാനറിഞ്ഞിരുന്നു.. ഞാന്‍ പള്ളിയിലോട്ട് നിന്നെ കൂട്ടിക്കൊണ്ട് വരാന്‍ എസ്തപ്പാനോസിനെ വിട്ടിരുന്നു.. നീ മദ്യപിച്ച് ഉന്മാദിയായി ആ ഇരുട്ടുമുറിയില്‍ തനിച്ച് കഴിയുകയാണെന്നും എന്നെ കാണാന്‍ കൂട്ടാക്കുന്നില്ലെന്നും അയാള്‍ വന്നു പറഞ്ഞു..ഫാദര്‍ അത്... ? ഇവാന്‍റെ കയ്യില്‍ മറുപടിയില്ല.നീയെന്തിന് സ്വന്തം അമ്മയെ കൊന്നു എന്ന് നിന്നോട് ഞാന്‍ ചോദിക്കുന്നില്ല.. പക്ഷേ ഈ നേരത്ത് നീ സെമിത്തേരിയില്‍ പോവുന്നതിന്‍റെ കാരണം എനിക്കറിയണം.ഇവാന്‍ ശൂന്യനായി നില്‍ക്കുകയാണ്.. മദ്യപിച്ച് പള്ളിയില്‍ വന്ന് വഴക്കുണ്ടാക്കിയ ആ നശിച്ച ദിവസം ഇവാന്‍ ഒാര്‍ത്തു.. അന്ന് അമ്മ ഒരുപാട് വഴക്ക് പറഞ്ഞു. അബോധത്തില്‍ താന്‍ അമ്മയുടെ മുഖത്തടിച്ചു.. ബോധമറ്റു നിലത്ത് വീണ അമ്മയെയെ ഓര്‍മ്മയുള്ളൂ. പിറ്റേന്ന് തനിക്ക് ബോധം വരുന്പോള്‍ ചോരയില്‍ കുളിച്ച് മരിച്ച് കിടക്കുന്ന അമ്മയെയാണ് താന്‍ കാണുന്നത്.ഞാന്‍ തന്നെയാണ് അമ്മയെ കൊന്നത്. ഞാന്‍ ദയ അര്‍ഹിക്കാത്ത കൊടുംപാപിയാണ്.അയാളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി.ഫാദര്‍ ഇവാനെ ആശ്വസിപ്പിച്ചു. അവനെയും കൊണ്ട് അയാള്‍ വിജനമായ സെമിത്തേരി ലക്ഷ്യമാക്കി നടന്നു.സൂര്യന്‍ ഉദിച്ച് തുടങ്ങിയിരിക്കുന്നു. ഇവാന്‍ അമ്മയുടെ കല്ലറയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു.ഹേ.. ചെറുപ്പക്കാരാ... എഴുന്നേല്‍ക്കൂ.. നിങ്ങളാരാണ്..? ഇവാന്‍ എഴുന്നേറ്റു.. ഈ പുരോഹിതനെ ഇവാന്‍ മുന്‍പ് കണ്ടിട്ടില്ല . നിങ്ങളാരാണ്...? ഇവാന്‍ സംശയത്തിന്‍റെ ചോദ്യമെറിഞ്ഞു.. ഞാന്‍ ഈ പള്ളിയിലെ വികാരിയാണ്. നിങ്ങളാരാണ്..?ഇ..ഇവാന്‍.. അപ്പോള്‍ ഇവാനിയോസച്ചന്‍...രണ്ടാഴ്ച മുന്‍പ് ഫാദര്‍ മരിച്ചു. നിങ്ങളാണ് ഇവാന്‍ ഡേവിഡെങ്കില്‍ നിങ്ങള്‍ക്ക് തരാന്‍ മരിക്കും മുന്‍പ് ഫാദര്‍ ഒരു കത്ത് തന്നിട്ടുണ്ട്.. അരമനയിലേക്ക് വരൂ.ഇവാന്‍ പാതി മരിച്ച് മരവിച്ച് നില്‍ക്കുകയാണ്. ഇവാന്‍ ..! ഫാദര്‍ അയാളുടെ ചുമലില്‍ തട്ടി. ഇവാന്‍ സ്ഥലകാലബോധം വീണ്ടെടുത്തിരിക്കുന്നു. അയാള്‍ ഫാദറിന്‍റെ പിറകെ നടന്നു.

''പ്രിയപ്പെട്ട ഇവാന്‍ ...നീ പാപിയായിരിക്കാം. പക്ഷേ സ്വന്തം അമ്മയെ കൊന്ന പാപം നിന്‍റേതല്ല. സ്വന്തം ഭാര്യയെ കൊന്ന പാപം നിന്‍റെ പിതാവിന്‍റെയാണ്. നീ അമ്മയെ കൊന്നപ്പോള്‍ ദുഖഭാരം കൊണ്ട് നാടുവിട്ട് പോയ ഒരഛ്ചന്‍റെ കഥയല്ല അയാളുടേത്. മറിച്ച് സ്വന്തം ഭാര്യയെ കൊന്ന് മറ്റൊരുവളെ കൊണ്ട് നാടുവിട്ട ക്രൂരന്‍റെ കഥയാണ്.. ഈ കത്ത് നിനക്ക് ലഭിക്കുമെന്ന് എനിക്കുറപ്പില്ല.. എങ്കിലും ദെെവം ഈ സത്യം നിന്നെ എന്നെങ്കിലും അറിയിക്കുമെന്ന് ഞാന്‍ അഗാധമായി വിശ്വസിക്കുന്നു. നീ പാപിയാണ്. പക്ഷേ നിന്‍റെ കര്‍മ്മങ്ങള്‍ കൊണ്ട് കഴുകിക്കളയാനുള്ള പാപങ്ങളെ നീ ചെയ്തിട്ടൊള്ളൂ. കര്‍ത്താവ് നിന്‍റെ മേല്‍ കരുണ ചൊരിയട്ടെ.

എന്ന് ഫാദര്‍ ഇവാനിയോസ്

ഇവാന്‍ തിരിഞ്ഞ് നടന്നു.അയാള്‍ അച്ഛനെ അന്വേഷിച്ച് തുടങ്ങുകയാണ്. കൊലക്കത്തി ഉള്ളിലൊളിപ്പിച്ച് കൊണ്ട്.


ലണ്ടന്‍ നഗരത്തില്‍ നിന്ന് തന്‍റെ അമ്മയെ വകവരുത്തി കെന്‍റിലേക്ക് ജീവിതം പറിച്ചു നട്ട നിക്കണ്‍ ഡേവിഡ് എന്ന നീചനെ, തന്‍റെ പിതാവിനെ വക വരുത്താന്‍ തന്നെ ഇവാന്‍ തീരുമാനിച്ചു. അതിനു വേണ്ടി നഗരത്തിലെ ഇടത്തെരുവുകളില്‍ രഹസ്യമായി ആയുധം വില്ക്കുന്ന ഒരു ഐറിഷ് വ്യാപാരിയില്‍ നിന്ന് ഒരു റിവോള്‍വര്‍ വാങ്ങി. പിന്നെ കയ്യില്‍ ആയുധവും മനസ്സില്‍ പ്രതികാരവുമായി ഇവാന്‍ കെന്‍റിലേക്ക് യാത്ര തുടങ്ങി. പെെന്‍ കാടുകളും ഇല പൊഴിക്കുന്ന ബര്‍ച്ചു മരങ്ങളും പിന്നിലേക്ക് ഓടിക്കൊണ്ടിരുന്നു. ഇവാന്‍റെ മനസ്സ് പ്രക്ഷുബ്ദമാണ്. അമ്മയുടെ ഘാതകനെ വകവരുത്തുന്നത് അയാളുടെ ജീവിത ലക്ഷ്യമായി മാറിയിരിക്കുന്നു. കെന്‍റില്‍ നിന്ന് ഫാദര്‍ ഇവാനിയോസിന് നിക്കണ്‍ അയച്ച ഒരു കത്ത് ഫാദറിന്‍റെ മുറിയില്‍ നിന്ന് കിട്ടി. ആ കത്തും മേല്‍വിലാസവുമാണ് ഇവാനെ മുന്നോട്ട് നയിക്കുന്നത്. കെന്‍റിലെ കാന്‍..ഒരു അതിപുരാതന പള്ളിയുടെ മേല്‍ വിലാസത്തില്‍ നിന്നാണ് കത്ത്.അയാള്‍ പശ്ചാത്തപിച്ച് ദെെവദൂതനാവാനുള്ള പരിപാടിയാണോ.? അതോ പള്ളിയില്‍ വല്ല ജോലിയും ചെയ്ത് ജീവിക്കുകയാണോ? അങ്ങനെ പല പല ചിന്തകള്‍ ഇവാന്‍റെ മനസ്സില്‍ വികസിച്ചു കൊണ്ടിരുന്നു. കൊല്ലണം. പതിനാല് വെടിയുണ്ടകളും ആ നീചന്‍റെ നെഞ്ചില്‍ തുളഞ്ഞ് കയറണം..! ആ രക്തത്തില്‍ നിന്ന് അമ്മയുടെ ആത്മാവിനെ താന്‍ പുനര്‍ജ്ജനിപ്പിക്കും... പ്രതികാരം അയാളുടെ മനോനിലയില്‍ കാര്യമായി മാറ്റം വരുത്തിയിട്ടുണ്ട്...കാന്‍റര്‍ബെറി കത്തീഡ്രലില്‍ ഇത് രണ്ടാം കൊലപാതകമാണ് അരങ്ങേറാന്‍ പോവുന്നത്.. . ഹെന്‍ട്രി രാജാവിന്‍റ കാലത്താണ് കത്തീഡ്രലിനുള്ളില്‍ ഏക കൊലപാതകം നടക്കുന്നത്.. പോപ്പ് ഗ്രിഗറിയുടെ കാലത്താണ് ഇംഗ്ളണ്ടില്‍ ക്രിസ്തുമതം പ്രചരിക്കുന്നതും.. സെന്‍റ്‌. അഗസ്റ്റന്‍റെ നേതൃത്വത്തിലുള്ള ഒരു മിഷണറിയാണ് ഇംഗ്ളണ്ടില്‍ തന്നെ ആദ്യമായി ഒരു ദേവാലയം നിര്‍മ്മിക്കുന്നത്.. കാന്‍റര്‍ബെറിയിലെ ആദ്യ ആര്‍ച്ച് ബിഷപ്പായിരുന്നു തോമസ് ബെക്കറ്റ്.. എന്നാല്‍ ഹെന്‍റി രണ്ടാമന്‍ രാജാവുമായി നിരന്തരം കലഹിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ രാജാവിന്‍റെ പടയാളികള്‍ ദേവാലയത്തിന്‍റെ ഉള്ളില്‍ കയറി വധിക്കുകയായിരുന്നു. അതില്‍ പിന്നെ ഇവിടം നിണമണിഞ്ഞിട്ടില്ല.എന്നാല്‍ എഴുന്നൂറാണ്ടുകള്‍ക്കപ്പുറം ചാപ്പലില്‍ വീണ്ടും രക്തം തെറിച്ചു വീഴാന്‍ പോവുകയാണ്..അയാള്‍ കത്തീഡ്രലില്‍ പ്രവേശിച്ചു. നിക്കണ്‍ കുടുംബസമേതം പ്രാര്‍ത്ഥിക്കുകയാണ്. ഭാര്യ എലേനയും എട്ടുവയസ്സുകാരി മകള്‍ കരോലിനും അയാളുടെ അരികിലുണ്ട്.പ്രാര്‍ത്ഥിക്കുന്പോള്‍ വെടിയുതിര്‍ക്കുന്നത് ശരിയല്ലെന്ന് ഇവാന് തോന്നി. അയാള്‍ അക്ഷമയോടെ നിക്കണ്‍ ഡേവിഡിന്‍റെ അന്ത്യ പ്രാര്‍ത്ഥന കേട്ടു കൊണ്ടിരുന്നു. ആമേന്‍. അവര്‍ പ്രാര്‍ത്ഥന കഴിഞ്ഞ് എണീറ്റതും ഇവാന്‍ വെടിയുതിര്‍ത്തു.. തുരു തുരാ വെടിയേറ്റ നിക്കണ്‍ തല്‍ക്ഷണം മരിച്ചു വീണു. എലേനയും കരോലിനും മരവിച്ച് നില്‍ക്കുകയാണ്. മരണത്തിന്‍റെ അതിഭീകരമായ പൊള്ളല്‍ അവരെ ഭയപ്പെടുത്തിയിരിക്കുന്നു...

ഇവാന്‍... നീ....എലേന നിസ്സഹായയായി അട്ടഹസിച്ചു.അമ്മയെ കൊന്ന പാപീ നീ അച്ഛനേയും...!!അമ്മയെ കൊന്ന പാപി ഈ ഞാനല്ല.. നിങ്ങളുടെ ഭര്‍ത്താവാണ്. ഫാദറില്‍ നിന്ന് എല്ലാ സത്യവുമറിഞ്ഞാണ് ഞാന്‍ വന്നത്.. ഈ ക്രൂരന്‍റ ഘാതകനായതില്‍ ഞാന്‍ തല്ലും പശ്ചാത്തപിക്കുന്നില്ല.

കെന്‍റിലെ ജയിലിലായിരുന്നു ഇവാന്‍റെ തടവു ശിക്ഷ. അയാള്‍ തീര്‍ത്തും ശൂന്യനായി കാണപ്പെട്ടു. അമ്മയുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. നിരന്തരമായ പ്രാര്‍ത്ഥന. ഇവാന്‍ ഒരു മാനസികരോഗിയാണെന്ന് സഹതടവുകാരെല്ലാം വിശ്വസിച്ചു.ഒരു ദിവസം ജയിലില്‍ ഇവാന് എലേനയുടെ കത്തു കിട്ടി...

പ്രിയപ്പെട്ട ഇവാന്‍...

അല്ല പാപിയായ ഇവാന്‍. ഈ ലോകത്തെ ഏറ്റവും വലിയ പാപിയും നീചനും കൊലപാതകിയും നീയാണ്. നിന്‍റെ നല്ലതു മാത്രം ആഗ്രഹിച്ച ആ വലിയ മനുഷ്യന്‍റെ നെഞ്ചില്‍ നീ നിക്ഷേപിച്ച വെടിയുണ്ടകളെല്ലാം കൊണ്ടത് നിന്‍റെ ചങ്കില്‍ തന്നെയാണ് ഇവാന്‍. കെന്‍റില്‍ നദീ തിരത്ത് ഒരു ദുഷ്ടന്‍ സമ്മാനിച്ച നിറവയറുമായി ആത്മഹത്യക്കൊരുങ്ങിയ എന്നെ കരയ്ക്ക് വലിച്ച് കയറ്റിയപ്പോഴാണ് നിക്കണ്‍ എന്ന പാവം മനുഷ്യനെ അറിഞ്ഞ് തുടക്കുന്നത്. അവിടന്നാണ് സ്വന്തം അമ്മയെ കൊന്ന മകന്‍റെ കഥയും കേള്‍ക്കുന്നത്. നീ മരിക്കണ്ട. നിനക്കും കുഞ്ഞിനും ഞാനുണ്ടാകും. എന്‍റെ മകന്‍ ഇവാന്‍ എന്നെ കൊല്ലും വരെ... !!! ജയിലില്‍ നിന്നും പുറത്തു വന്നാലും അമ്മയെ കൊന്നതിന്‍റെ പാപഭാരം നിന്നെ വേട്ടയാടുമെന്നും അത് നിന്നെ നശിപ്പിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. അതിനാണ് ഇവാനിയോസച്ചന്‍ മുഖേന പാപഭാരം നിന്നില്‍ നിന്ന് സ്വയം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അത് സ്വന്തം ജീവന്‍ ബലി നല്‍കി...ഇവാന്‍ നിന്‍റെ പാപങ്ങള്‍ വലുതാണ്. അത് കൊണ്ട് ശിക്ഷയും വലുതായിരിക്കണം.ഇവാന്‍ ഒന്നു ചോദിച്ചോട്ടെ എന്തിനു നീ ഈ മണ്ണില്‍ പിറന്ന് വീണു...?-എലേന നിക്കണ്‍

ഇവാന്‍ വീണ്ടും മരിച്ചു കഴിഞ്ഞു...അയാളുടെ ഉള്ളില്‍ തണുത്തു വിറച്ചു കിടന്ന മൗനം ഒരലര്‍ച്ചയായി പുറത്ത് വന്നു...


Comments

  1. What an amazing piece of work ! Pure class end display of mediaeval western culture

    ReplyDelete

Post a Comment

Popular posts from this blog

ഹൃദയം

ചുള്ളിക്കാടിന്റെ പാബ്ലോ നെരൂദ