വേശ്യൻ

ആ സായന്തനത്തിലും അവളെയന്വേഷിച്ച്  ഞാന്‍ അവളുടെ  താമസ സ്ഥലത്തെത്തി..  സൂര്യന്‍  അതിന്‍റെ ചക്രവാളത്തിലേക്ക് മുങ്ങാംകുഴിയിടാനൊരുങ്ങുന്നു... ദൂരെ വികാരഹിതനായ ആകാശം താഴോട്ട് കണ്ണും നട്ടിരിക്കുന്നു...  ഞാന്‍  ആകാശത്തേക്ക്  നോക്കി ഉറക്കെപ്പറഞ്ഞു.. എന്തിനാണ് വാനമേ നീ തുറിച്ചു നോക്കുന്നത്?  ഞാന്‍ വന്നതെന്തിനാണെന്നോ..?  അതെ..! അതിനു തന്നെ !  ഈ മനോഹരമായ  സായന്തനത്തില്‍  ഡെയ്സിയോടൊത്ത്  ഈ തീരങ്ങളിലൂടെ വിഹരിക്കണം...  ബോധം മറയും വരെ കുടിക്കണം..  പിന്നെ ബോധം വരുന്പോള്‍  ഡെയ്സിയെ പ്രാപിക്കണം...  അവള്‍  ഒരു തെരുവു വേശ്യയാണ്... പക്ഷേ ഇന്ന് കഴിഞ്ഞാല്‍  ഒരിക്കലും അവളുടെ കൂടെ കഴിയാനാവില്ല.. ഞാനീ നഗരം വിടുകയാണ്... സംഗീതവും പ്രണയവും ഈ നഗരത്തിന്‍റെ പുറന്തോട് മാത്രമാണ്.. ദയയുടെ കണിക ആരോടും ഈ നഗരം കാണിച്ചിട്ടില്ല...
ഡെയ്സീ... വാതില്‍  തുറക്കൂ... എനിക്ക് നിന്നെ ഭോഗിക്കണം... 
ഇരുട്ടാണ്... അകലെ മിന്നുന്ന നിയോണ്‍ ബള്‍ബുകളുടെ നനുത്ത പ്രകാശമുണ്ട്... അതൊന്നും പക്ഷേ ഡെയ്സിയുടെ ഇരുണ്ട ഹൃദയത്തില്‍ വെളിച്ചം വീശാന്‍ പോന്നവയായിരുന്നില്ല..  അവളുടെ മടിയില്‍  കിടന്ന് ഞാന്‍ വിളിച്ചു... ഡെയ്സീ.. നീ എങ്ങനെ നശിച്ചു.. ആരാ നിന്നെ..?  
ഞാന്‍ എങ്ങനെ നശിക്കാന്‍..? ഞാന്‍  എന്‍റെ ശരീരമേ പതിച്ചു കൊടുത്തുള്ളൂ.. മനസ്സ്  ആര്‍ക്കും തൊടാന്‍ കൊടുത്തില്ല...  നിങ്ങള്‍ക്ക് പോലും..  ആ മറുപടി എന്നെ തളര്‍ത്തിക്കഴിഞ്ഞു.. ഞാന്‍ വിചാരിച്ചത് മറ്റൊന്നായിരുന്നു.. വേശ്യയായ അവള്‍ക്കെന്നോട് പ്രണയമാണ്..  തെറ്റി.. പാടെ തെറ്റി..  
ഞാന്‍ അവളോട് പറഞ്ഞു.. എനിക്ക് പുനര്‍ജ്ജനി വേണം.. എല്ലാം മായ്ച് ഒന്നില്‍ നിന്ന് തുടങ്ങണം..  ഞാന്‍ മടങ്ങുകയാണ്..
വരുന്നോ കൂടെയെന്ന് ചോദിക്കാന്‍ നാവുറച്ചില്ല.. 
അവളുടെ വാക്കുകള്‍  അഗ്നിയെക്കാള്‍ പൊള്ളുന്നവയാണ്...  
ഞാന്‍ തിരിഞ്ഞു നടന്നു.. 
ഏയ് ഒന്നു നില്‍ക്കൂ...
നിങ്ങടെ പേരെന്താ..?
ആയിരം രാത്രികള്‍ എന്‍റെ കൂടെ ഉറങ്ങിയ നിനക്കെന്‍െ പേരറിയില്ലെ?

ഇല്ലാ..
നിനക്കിഷ്ടമുള്ളത് വിളിച്ചോ...
അവള്‍  പുഞ്ചിരിച്ചു...
പിന്നെ വിളിച്ചു...   'വേശ്യന്‍'


Comments

Popular posts from this blog

ഹൃദയം

അന്തിക്രിസ്തു

ചുള്ളിക്കാടിന്റെ പാബ്ലോ നെരൂദ