ഇക്കാറസ്‌

മൃതിയറ്റ് കിടക്കുന്ന ദീപനെ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ യാതൊരു വിധത്തിലുള്ള ഞെട്ടലും തോന്നിയില്ല. അവന്‍റെ അടങ്ങാത്ത സ്വാഭിമാനവും അവനെയോര്‍ത്തുള്ള ഭയവും കൂടിച്ചേര്‍ന്ന് എന്‍റെ മനസ്സിലെ ഭയങ്ങളെ മുമ്പേ അടക്കം ചെയ്തിരുന്നു. പക്ഷേ അനക്കമറ്റ് കിടക്കുന്ന ദീപന്‍റെ രക്തം നുകരാനൊരീച്ച വന്നിരുന്ന് എനിക്ക് പിടിച്ചില്ല. ആരും തന്നെ ദീപനെ തൊടുന്നതവന് ഇഷ്ടമല്ല. ഞാന്‍ പോലും അവനെ തൊടുന്നതവനിഷ്ടമല്ല. അത്കൊണ്ട് തന്നെ അതിനെ ഓടിക്കാനുറച്ച് ഞാന്‍ കയ്യൊന്ന് മുന്നോട്ടാഞ്ഞ് വീശി. അറിയാതെന്‍റെ വിരല്‍ തുമ്പ് അവന്‍റെ കവിളില്‍ പോറിയിരിക്കണം. അവനെന്നെ രൂക്ഷമായൊന്ന് തുറിച്ച് നോക്കിയ പോലെ എനിക്ക് തോന്നി.

ഭദ്രന് വേണ്ടി നിരഞ്ജനയെ അമ്പലക്കടവ് ഗ്രാമത്തിന്‍റെ അതിര്‍ത്തി കടത്തിക്കൊടുക്കാമെന്ന് വാക്കുകൊടുത്തിട്ടുണ്ടെന്ന് ഞാനറിഞ്ഞത് വെെകിയാണ്. ഞാനീ ഭദ്രനെ ഇന്നുവരെ കണ്ടിട്ടില്ല. ഞാനവനെ അതിന്‍റെ പേരില്‍ ചോദ്യം ചെയ്തപ്പോഴും ഉപദേശിച്ചപ്പോഴും അവന് തെല്ലും അലോസരമുണ്ടാക്കിയില്ല.  തമ്പിയെ ശത്രുവാക്കുന്നത് കാലനെ ശത്രുവാക്കുന്നിന് തുല്യമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ എന്നെ വല്ലാതൊന്നു നോക്കി. പട്രോക്ലസ് ട്രാേയിയില്‍ പിടഞ്ഞുവീണതറിഞ്ഞ അക്കില്ലസിന്‍റെ ഭാവത്തില്‍ ദീപനങ്ങനെ പരുഷമായി നോക്കി. ഞാനും അവനും അമ്പലക്കടവില്‍ വന്നത് സുഹൃത്തിന് വേണ്ടിയാണ്. എന്‍റെ സൗഹൃദത്തിന്‍റെ ആഴമാണോ അവന്‍റെ സൗഹൃദത്തിന്‍റെ ആഴമാണോ കൂടുതല്‍ എന്ന തര്‍ക്കം അവന്‍ അവന്‍റെ കണ്ണിലെ അഗ്നികൊണ്ട് ജയിച്ചു. പിന്നെ ഞാനവനെ പിന്തിരിപ്പിച്ചില്ല. ഞങ്ങള്‍ എവിടെന്ന് വന്നെന്നും എന്തിന് വന്നെന്നും തിരിച്ചെങ്ങോട്ട് പോവേണ്ടതാണെന്നും മാത്രം ഞാനവനെ ഓര്‍മിപ്പിച്ചു.

 അഭയനെ പിടിച്ച് വലിച്ചിട്ട് നിലവറയിലടക്കുമ്പോള്‍ അവന്‍റെ കണ്ണില്‍ പരാജയഭീതി തെല്ലും കാണാനാവാതെ പോയത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. നെറ്റിയിലെ മുറിവൊന്ന് വേദനയൊക്കെ മറന്ന് ശക്തിയായി തുടച്ചുകൊണ്ട് അവന്‍ ദീപനെ നോക്കി മിന്നല്‍ വേഗത്തില്‍ പുഞ്ചിരിച്ചത് വല്ലാതെന്നെ നടുക്കി. അതിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല. അതാലോചിക്കും മുമ്പ് എന്‍റെ മുതുകില്‍ ഒരു ചവിട്ട് കൊണ്ട് ഞാന്‍ നിലവറക്കുള്ളിലേക്ക് തെറിച്ചു. ചതിയന്‍ എന്നും നന്ദിയില്ലാത്ത നായ എന്നുമൊക്കെയുള്ള കുറ്റപ്പെടുത്തല്‍ ഇരുട്ടില്‍ ഞാന്‍ കേട്ടു. ഉറ്റ സുഹൃത്തിന്‍റെ ശബ്ദം തിരിച്ചറിയാന്‍ എനിക്ക് വല്ലാതെ തല പുകക്കേണ്ടി വന്നില്ല. ഞാന്‍ അഭയനെപ്പറ്റിയാണ് ആലോചിച്ചത്. അവനിതെന്തുപറ്റി ? നിരഞ്ജനയ്ക്ക് ഭദ്രനോടുള്ള പ്രണയവും തമ്പിക്ക് ഭദ്രനോടുള്ള ശത്രുതയും അഭയന് നിരഞ്ജനയോടുള്ള വാത്സല്യവുമാണ് തമ്പിയെ മകന്‍റെ ശത്രുവാക്കിയെതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അഭയന് കെണിവെച്ചത് ഞാനാണ്. അവനെയും നിരഞ്ജനയെയും പുറത്തുകടത്താന്‍ ദീപന്‍ നന്നായി ശ്രമിച്ചിരിക്കണം. എങ്ങിനെയും അമ്പലക്കടവ് വിട്ട് പുറത്ത് കടക്കണം എന്നാലോചിച്ചപ്പോഴേക്കും സൂര്യന്‍ ഇരുട്ടുപേക്ഷിച്ചു. ചോര കുടിക്കാന്‍ വന്ന പ്രാണികള്‍ അഭയന്‍റെ നെറ്റിയിലെ മുറിവും.

തമ്പിയുടെ ആ വിളി എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. രാജാവിനെപ്പോലെ നാടുഭരിക്കുന്ന തന്‍റെ സുഹൃത്ത്  തന്നോട് സഹായത്തിന് വേണ്ടി ഇരക്കുന്നതെന്തിനാണ്. പാതിയെഴുതിയ വാക്കിന്‍മേല്‍ പേന നിശ്ചലമായപോലെ അപൂര്‍ണമായൊരു കുറിപ്പ് എനിക്ക് കിട്ടി. അവള്‍ പോയ ദുഖം എന്നില്‍ നിന്ന് മെല്ലെ മാഞ്ഞ് തുടങ്ങുമ്പോഴാണ് അവന്‍റയീ വിളി. പതിനേഴ് വര്‍ഷമായി ഞാന്‍ അവന്‍റെ വീട് പണിത് തിരിച്ച് വന്നിട്ട്. പിന്നീടൊരിക്കലും ഞാനവിടെ പോയിട്ടില്ല. ഞാന്‍ പണിത മാളികയെപ്പറ്റി നല്ലതാര് പറഞ്ഞാലും അത് വിവരിച്ച് അവന്‍ എനിക്ക് എഴുതാറുണ്ട്. ഞാന്‍ മുഴക്കോലും വീതുളിയും മരപ്പെട്ടിയിലേക്ക് വാരി നിറച്ച് ദീപനെ കാത്തിരുന്നു.

അമ്മയുടെ ചിതകത്തുമ്പോള്‍ ഞാന്‍ അവിടെ ദീപനെ നോക്കി. അവന്‍ നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരയുകയാവും എന്ന എന്‍റെ ധാരണ പാടെ തെറ്റി. ആരോ അവന്‍റെ കാലില്‍ വീണുകരയുന്നു. അയാളെ പിടിച്ചെഴുന്നേല്‍പിച്ച് ദീപന്‍ വല്ലാതെ ആശ്വസിപ്പിക്കുന്നു. അതും നോക്കി നിന്ന് അറിയാതെ മുന്നോട്ടാഞ്ഞ എന്‍റെ കാലിലേക്ക് അവളുടെ ചിതയില്‍ നിന്ന് ഒരു കനല്‍ ഉതിര്‍ന്ന് വീണ് എന്നെ വല്ലാതെ പൊള്ളിച്ചു.


Comments

Popular posts from this blog

ഹൃദയം

അന്തിക്രിസ്തു

ചുള്ളിക്കാടിന്റെ പാബ്ലോ നെരൂദ