കറുത്ത പാലിൽ ചാടി ആത്മഹത്യക്ക്‌ ശ്രമിച്ച ദിവസം


അദ്ധ്യാപനം തളർത്തിക്കളയുന്ന   ചില ദിവസങ്ങൾ ഉണ്ടാവാറുണ്ട്. അത്തരം ദിവസങ്ങളിൽ വായനശാലയിൽ ഇരുന്നു പുസ്തങ്ങളിൽ വീണു മരിക്കാറാണ് പതിവ്. ഇന്നും അങ്ങനൊരു ആത്മഹത്യക്കുറച്ചാണ് ആ വഴി ചെന്നതും. പേരിലെ വ്യത്യാസം കൊണ്ട് മാത്രം ഒരു പുസ്തകം കണ്ണിലുടക്കി. ‘കറുത്ത പാൽ’ . എങ്കിൽ കറുത്ത പാലിൽ മുങ്ങിത്തന്നെയാവട്ടെ ഇന്നത്തെ മരണം എന്ന് ഞാനുറച്ചു. ‘മതിലുകൾ’ ആണ് മുന്നിൽ. ബഷീറിന്റെ മതിലുകളും മാധവിക്കുട്ടിയുടെ മതിലുകളും ചാടിക്കടന്ന എനിക്ക് കല്പറ്റ നാരായണന്റെ മതിലൊക്കെ ഒരു മതിലാണോ.! 

“ഞാനും ഗാന്ധിയും രക്തസാക്ഷികളായതു ഇന്നാണ് ആഘോഷിക്കണ്ടേ; അവൾ ചോദിച്ചു. ഒരു ജനുവരി മുപ്പത്തിനായിരുന്നു ഞങ്ങളുടെ വിവാഹം”. 

വായിച്ചപ്പോൾ തന്നെ എനിക്ക് ചിരിപൊട്ടി. ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ആ ഏടും അതിലെ നർമ്മവും സുചിത്രയോടും പങ്കുവെച്ചു. പുള്ളിക്കാരിക്ക് കൗതുകം. പിന്നെ പൊട്ടിച്ചിരി. കാരണം മറ്റൊന്നുമല്ല. ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഏടായിട്ടുപോലും അതിന്റെ വക്കിൽ രക്തം പുരണ്ടിട്ടില്ല. അതുകൊണ്ടു രക്തം കാണുമ്പോൾ ബോധക്ഷയം ഉണ്ടാവുന്ന എനിക്ക് പേടിക്കാനൊന്നും ഉണ്ടായില്ല. ‘മതിലുകൾ’ ചാടിക്കടക്കാൻ തന്നെയുറച്ചു. ഞാൻ എനിക്കും അവൾക്കുമിടയിൽ ഉണ്ടായിരുന്ന വലിയ മതിലിനെക്കുറിച്ചു ചിന്താകുലനായി. അഞ്ചു പവന്റെ താലികൊണ്ട്‌ ആ വലിയ മതിൽ ഇടിച്ചു കളഞ്ഞ ദിവസം ഞാനോർത്തു. കാമുകനും കാമുകിയും അന്ന് വെച്ച ബിരിയാണിയിൽ വീണു മരിച്ചു. അവൾ സ്വപ്നങ്ങളെ ആട്ടിത്തെളിച്ചു ആലയിൽ കയറ്റി വീട്ടിൽ കയറി. ഞാൻ പേനയും കടലാസും ഒരു ഭാണ്ഡത്തിൽ കയറ്റി എലിക്കും പെരുച്ചാഴിക്കും പങ്കുവെച്ചു കൊടുത്തു. ഞങ്ങളുടെ മതിലും ബാധ്യതകൾ വന്നു ഉന്തിക്കൊണ്ടുപോയി. ഞങ്ങളും കവി പറഞ്ഞ പോലെ ഒന്നായി. അതെ ഒന്നും ഒന്നും കൂടിയപ്പോൾ ഇമ്മിണി ചെറിയ ഒന്ന്. 


ഞാൻ വീണ്ടും ചിരിക്കുന്നുണ്ട്. സുചിത്ര തുറിച്ചു നോക്കുന്നുണ്ട്. അവൾ ചിരിക്കുന്നില്ല. കാരണം അവൾ മറ്റാരുടെയോ മുന്നിൽ ഒരിക്കൽ തകർന്നു വീഴാനുള്ള മറ്റൊരു മതിലിൽ ഒരു ഛായാചിത്രം പകർത്തുകയാണ്.


Comments

Popular posts from this blog

ഹൃദയം

അന്തിക്രിസ്തു

ചുള്ളിക്കാടിന്റെ പാബ്ലോ നെരൂദ