വായ്ക്കരി




(സമർപ്പണം: കവി എ. അയ്യപ്പൻ)


നിന്റെ കലാപം അവസാനിച്ചിരിക്കുന്നു. 


നിന്റെ മരണം എന്റെ പേശികളെ മരവിപ്പിക്കാതെ തന്നെ. 


നീ ലഹരിയിൽ മരിച്ചുകിടന്ന അഴുക്കുചാലിൽ ബാഷ്പീകരിക്കപ്പെടാതെ കിടന്ന ചോര മഷിയാക്കി ഞാനൊരു വിലാപകാവ്യം കുറിക്കാം. 


അതിൽ നീ കലാപം നടത്തിയ പ്രണയങ്ങൾ കണ്ടെന്നുവരില്ല. 


മരിച്ചിട്ട് ജീവിച്ചിരിക്കുന്നവർക്കു വായ്ക്കരി നൽകി കടന്നുപോയ മനുഷ്യരുണ്ടാവില്ല. 


പരാജയം കൂകി വിളിച്ചുവന്ന പാളങ്ങളും  പട്ടിണിയുപേക്ഷിച്ച കടത്തിണ്ണകളും നിന്റെ ഛർദ്ദിൽ വീണ തെരുവോരങ്ങളുമുണ്ടാവില്ല. 


ബുദ്ധന്റെ കരച്ചിലും ആട്ടിന്കുട്ടിയുടെ സങ്കടവും തോറ്റുവീണ പ്രണയവും ജയിച്ചിട്ടും തോറ്റ കലാപങ്ങളും ചങ്കിലെ ചുവപ്പും കണ്ണിൽ ഇരുട്ടുമുണ്ടാവില്ല. 


ഇത് ജീവനറ്റ കവിതയാവും. 


മീ ടൂ മുരൾച്ചക്കും അരാജകത്വ മദ്ദളം കൊട്ടിനുമിടയിൽ ഓർഫ്യൂസിന്റെ  സംഗീതത്തിന് എന്ത് പ്രസക്തി. 


ഇത് മതി, ചത്തവനു  ചത്ത കവിത!


ഇനി ശവമടക്കാണ് !


പ്രണയത്തിന്റെ, കലാപത്തിന്റെ, ആശങ്കയുടെ, ആകുലതകളുടെ, പട്ടിണിയുടെ, ചവര്പ്പിന്റെ, ചുവപ്പിന്റെ ശവമടക്ക്. 


അതിനു മുമ്പ് ഇതാ ഇന്ന് മരിച്ചവനു ഇന്നലെ മരിച്ചവന്റെ വക  അക്ഷരം കൊണ്ടൊരു വായ്ക്കരി !


Comments

Popular posts from this blog

Quantity Matters but Quality too!

Academic and Research Writing in the AI Era

The Poet, the Man, and the Revolutionary: A Study of Multiple Perspectives in William Butler Yeats’ “Easter 1916”