ശ്രീനാരായണഗുരുവും ആധുനിക കേരളത്തിന്റെ ധാർമ്മികാടിസ്ഥാനവും

 കേരളത്തിൽ നടന്ന സാമൂഹിക പരിവർത്തനങ്ങൾക്കു ഏറ്റവും വലിയ ഉത്തേജനമായത് ശ്രീനാരായണഗുരു പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ചെലുത്തിയ സ്വാധീനശക്തിയായിരുന്നു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിഖ്യാത മുദ്രാവാക്യത്തിലൂടെ മനുഷ്യ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയാണ് ഗുരു ഉയർത്തിക്കാട്ടിയത്. ‘ആധുനിക കേരളത്തിന്റെ ധാർമികാടിസ്ഥാനം’ എന്ന തന്റെ ലേഖനത്തിൽ ബി. രാജീവൻ കേരളീയ നവോഥാന പ്രസ്ഥാനങ്ങളിൽ ശ്രീ നാരായണഗുരു വഹിച്ച പങ്കിനെയും എസ്.എൻ.ഡി.പിയുടെ പ്രവർത്തങ്ങളെയും വിലയിരുത്തുന്നുണ്ട്. 1903 ലാണ് എസ്.എൻ.ഡി.പി സ്ഥാപിക്കപ്പെടുന്ന. അതിനും പതിനഞ്ചു വര്ഷങ്ങള്ക്കു മുമ്പാണ് 1888 ൽ ഗുരു അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ നടത്തുന്നത്. എന്നാൽ പിൽക്കാലത്തു ഈഴവ പരിഷ്കരണത്തിന്റെ മുഖമായി മാറിയ ശ്രീനാരായണഗുരുവിനെ തങ്ങളുടെ ഗുരുവായി അംഗീകരിക്കാൻ അന്നത്തെ പല ഈഴവ പ്രമാണിമാർക്കും സാധിച്ചില്ലെന്ന ഗുരുതരമായ ആരോപണമാണ് ബി. രാജീവൻ തന്റെ ലേഖനത്തിൽ ഉയർത്തിക്കാട്ടുന്നത്. 

തന്റെ വാദങ്ങളെ സാധൂകരിക്കുന്നതിനായി കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അഭിപ്രായവും ബി. രാജീവൻ പങ്കുവെക്കുന്നുണ്ട്. “1903 ൽ ആദ്യത്തെ സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം കൊടുക്കുന്ന സംഘടനയായി എസ്.എൻ.ഡി.പി നിലവിൽ വന്നു. മറ്റു സമുദായ സംഘടനകളുടെ വാഗണുകളെ വലിച്ചു കൊണ്ട് പോയ എഞ്ചിനായിരുന്നു എസ്.എൻ.ഡി.പി. അത്തരത്തിൽ 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ ആധുനിക കേരളത്തിന്റെ ശിലാസ്ഥാപനമായിരുന്നു. എന്നാൽ ഇതിൽ ഗുരുവിനു സ്വസമുദായത്തിൽ നിന്ന് എത്രത്തോളം പിന്തുണ ലഭിച്ചു എന്നതു ചർച്ച ചെയ്യേണ്ടിയിരിക്കുന്നു”. 

ജനാധിപത്യ കേരളത്തിൽ പ്രവർത്തിച്ച നവോഥാന പ്രസ്ഥാനങ്ങളുടെ ധാർമികമായ അടിത്തറയെക്കുറിച്ചുള്ള ഒരു പുനർവിചിന്തനം ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണെന്ന് പ്രൊ. ബി. രാജീവൻ സൂചിപ്പിക്കുന്നു. നാൾ തോറും മലയാളിയുടെ ധാർമ്മിക ജീവിതം ദുര്ബലമായിക്കൊണ്ടിരിക്കുകയാണ്. അതിനു പ്രധാനകാരണം മതരാഷ്ട്രീയം ശക്തി പ്രാപിക്കുന്നതാണെന്ന നിരീക്ഷണവും ബി. രാജീവൻ പങ്കുവെക്കുന്നുണ്ട്. ഈ ഒരു ധാർമിക ജീവിതത്തിന്റെ ദുർഘടാവസ്ഥയിലാണ് ഇടത്തരക്കാരന്റെ ചിന്തകൾ ആത്മീയവൽക്കരിക്കപ്പെടുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. 

കേരളത്തിന്റെ ജാതിഘടനയും സാമൂഹികാവസ്ഥയും ധർമ്മസംഹിതയും ഭരണക്രമവും ഒരളവു വരെ ബ്രാഹ്മണ ശക്തിയിൽ അധിഷ്ഠിതമായിരുന്നു. അത്തരത്തിലുള്ള ബ്രാഹ്മണശക്തിയുടെ അടിവേരിളക്കിയ സംഭവമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. ഡോ. പൽപ്പുവിന്റെ ഇടപെടലുകളിലൂടെയാണ് ഗുരു കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ നേതൃമുഖമായി കടന്നു വരുന്നത്. ഗുരുവിനെ മുൻനിർത്തി കേരളീയ സാമൂഹിക ചരിത്രത്തിൽ മറ്റുള്ളവർക്ക് ഒരു മാതൃകയാവാൻ എസ്.എൻ.ഡി.പിക്ക് സാധിച്ചത്. അതിനെ തുടർന്നാണ് മന്നത്തു പത്മനാഭന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് നായർ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി രൂപീകൃതമാവുന്നതു. ചട്ടമ്പി സ്വാമികളുടെ ‘പ്രാചീന മലയാളം’ എന്ന കൃതിയിൽ കേരളത്തിലെ ആദിമ നിവാസികളുടെ പാരമ്പര്യത്തെപ്പറ്റിയും നായന്മാരുടെ പാരമ്പര്യത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. അക്കാലത്തു തന്നെ ബ്രാഹ്മണർക്കു എതിരെയുള്ള ചിന്ത ജനങ്ങളിൽ ഉടലെടുത്തിരുന്നു. മന്നത്തിന്റെ ജീവിത സ്മരണകളിൽ ശ്രീനാരായണഗുരുവിനെക്കുറിച്ചു പരാമർശമുണ്ട്. 

ശ്രീനാരായഗുരുവിനെ അദ്ദേഹത്തിന്റെ ജാതിയിൽ തന്നെ അടിച്ചിടപ്പെട്ട നവോഥാനത്തിൻറെ മുഖമായി ബി. രാജീവൻ അടയാളപ്പെടുത്തുന്നു. കേരളത്തിലെ ജാതിബോധത്തിനെതിരെ പ്രവർത്തിച്ച ഗുരുവിനെ ഈഴവരുടെ ഗുരുവായി മാത്രം അവരോധിച്ചു എന്നതായിരുന്നു ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പരിമിതി എന്ന് ബി. രാജീവൻ തുറന്നടിക്കുന്നു. “ശ്രീനാരായണഗുരു കേരളത്തിൽ തുറന്ന നവോഥാനത്തിന്റെ വാതിൽ ശ്രീനാരായണഗുരുവിനെക്കൊണ്ട് തന്നെ അടപ്പിച്ചു” എന്ന് സഹോദരൻ അയ്യപ്പൻ അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. 

നാരായണീയ ദർശനങ്ങളുടെ പിൽക്കാല കാഴ്ചപ്പാടിൽ വന്ന മാറ്റത്തിന് ഒരു പ്രധാന കാരണം ശ്രീനാരായണ ധർമ്മത്തെക്കുറിച്ചുള്ള രാഷ്ട്രീയ വിശകലനങ്ങളുടെ അപര്യാപ്തതയാണ്. കേരത്തിൽ മാത്രമല്ല ദേശീയപ്രസ്ഥാനത്തിലും ശ്രീനാരായണ ധർമ്മം അത് അർഹിക്കുന്ന തരത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല. 

“ജാതിഭേദം, മതദ്വേഷം 

ഏതുമില്ലാതെ സർവ്വരും 

സ്വദരദ്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്” 

ഇത് കേവലമൊരു പ്രസ്താവന അല്ല. മറിച്ച് ഒരു നൂതനാശയത്തിന്റെ, ഒരു നൂതന ധര്മത്തിന്റെ പ്രതിഷ്ഠയായിരുന്നു അതെന്ന് വെളിപ്പെടുത്തുന്നു. അരുവിപ്പുറം ക്ഷേത്രച്ചുമറിൽ ഗുരു സ്വന്തം കൈപ്പടയിൽ എഴുതിച്ചേർത്തതാണീ വരികൾ. ഈ ധർമ്മപ്രതിഷ്ഠയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ അർത്ഥതലങ്ങളിലേക്കു ഇനിയും നമ്മൾ ഇറങ്ങി ചെല്ലേണ്ടതുണ്ട് എന്നും ബി. രാജീവൻ ഓര്മപ്പെടുത്തുന്നുണ്ട്. 

അന്നത്തെ തിരുവിതാംകൂർ രാജവംശവും ഭരണരീതിയും ശ്രീ പത്മനാഭദാസന്മാർ എന്ന നിലയിലായിരുന്നു. എന്നാൽ അതിനു സമാന്തരമായി ഒരു കൊളോണിയൽ ആശയവും ഇവിടെ നിലനിന്നിരുന്നു. സായിപ്പിന്റെ നിർമ്മിതിയായ ഹൈന്ദവ തിയോക്രറ്റിക് ഭരണകൂടത്തിന്റെ ധാർമികവ്യവസ്ഥയുടെ ആധികാരികതയെയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു നിർബാധം ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിഞ്ഞത്. 

അരുവിപ്പുറം പ്രതിഷ്ഠയുടെ രാഷ്ട്രീയ പ്രസക്തി ദേശീയ രാഷ്ട്രീയത്തിൽ വളരെക്കഴിഞ്ഞിട്ടും ദാഹിക്കുന്ന ഒന്നായിരുന്നില്ല. കൊളോണിയൽ യുക്തിക്കും ഫ്യൂഡൽ മൂല്യങ്ങൾക്കും അക്ഷരാർത്ഥത്തിൽ എതിരായിരുന്നു ശ്രീനാരായണ ധർമ്മം. ശ്രീനാരായണീയ ചിന്ത ആവിഷ്കരിച്ച ധാർമികതയുടെ മണ്ഡലത്തിലാണ് ആധുനിക മലയാളിയുടെ ചിന്ത രൂപപ്പെട്ടത്. അതാകട്ടെ മാറിവരുന്ന ഭരണകൂടങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾക്കു ഒട്ടും ദഹിക്കുന്നതായിരുന്നില്ല. ഏതുകാലത്തും ഭരണകൂടത്തിന്റെ ചൂഷണ ഉപകാരണമെന്ന നിലയിൽ ജാതിവ്യവസ്ഥിതി ഇവിടെ നിലനിന്നുപോരുന്നു. മറിച്ച് ശ്രീനാരായണ ധർമ്മത്തിന്റെ മൗലികത കണ്ടെത്താൻ നമ്മൾ ഇതുവരെ ശ്രമിച്ചിട്ടില്ല.


Comment

Comments

Popular posts from this blog

ഹൃദയം

അന്തിക്രിസ്തു

ചുള്ളിക്കാടിന്റെ പാബ്ലോ നെരൂദ