കലാപം തുടരുകയാണ് ! October 04, 2022

 ചിത കെട്ടണഞ്ഞിട്ടും എ. അയ്യപ്പന്‍റെ  അക്ഷരങ്ങളും ആത്മാവും ഒരു പോലെ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. എപ്പോഴും എല്ലാം നഷ്ടപ്പെട്ടവന്‍റെ, ഒന്നുമില്ലാത്തവന്‍റെ ആധിയോടെയാണ് അയ്യപ്പന്‍ തന്‍റെ ജീവിതം നടന്നു തീര്‍ത്തത്. 

'' വീടില്ലാത്ത ഒരുവനോട് വീടിന് ഒരു പേരിടാനും

മക്കളില്ലത്തോരുവനോട് കുട്ടിക്ക് ഒരു പേരിടാനും

ചൊല്ലവേ നീ കൂട്ടുകാരാ, രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ കണ്ടുവോ ?” 

അയ്യപ്പന് ശേഷവും അദ്ദേഹത്തിന്‍റെ അക്ഷരങ്ങള്‍ ആധി പടര്‍ത്തിക്കൊണ്ടിരിക്കുന്നു. അയ്യപ്പന്‍റെ രക്തമാണ് അയ്യപ്പന്‍റെ കവിത. അതിനെപ്പോഴും ചൂടുണ്ട്. ജീവിതത്തിന്‍റെ വാതിലില്‍ മുട്ടുന്ന കണക്കെയാണ് താന്‍ കവിതയില്‍ എത്തിച്ചേരുന്നതെന്ന് കവി എപ്പോഴും പറയാറുണ്ടായിരുന്നു. വഴി വക്കില്‍ താന്‍ കണ്ട അപകടത്തെ കുറിച്ച് ഹൃദയം കീറി മുറിക്കുന്ന അയ്യപ്പന്‍റെ കവി ഭാവന നോക്കൂ.

''കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ

ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..

മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന

അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍

എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..

ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..

അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..

അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു

ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം...''

കവി പ്രണയത്തേയും കലാപത്തേയും ഒരു പോലെ സ്നേഹിച്ചു. പ്രണയ പരാജയപ്പെട്ടുവെന്ന്  കവി തന്നെ സമ്മതിക്കുന്നു.

'' എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് ....

ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്

എന്റ്റെ ഹൃദയത്തിന്റ്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.

ജിജ്ഞ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ

ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.

മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം.

ദലങ്ങള്‍ കൊണ്ട് മുഖം മൂടണം.

രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം

പൂവിലൂടെ എനിക്കു തിരിച്ചു പോകണം.

പൂവിലൂടെ എനിക്കു തിരിച്ചു പോകണം.

മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം

ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും.

ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത്

മൃതിയിലേയ്ക്ക് ഒളിച്ചു പോകും.

ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ

ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ.

ഇനി എന്റെചങ്ങാതികള്‍ മരിച്ചവരാണല്ലോ''.


നോക്കൂ.. അയാളുടെ അക്ഷരങ്ങള്‍ കലാപം തുടരുകയാണ്...!


Comments

Popular posts from this blog

ഹൃദയം

അന്തിക്രിസ്തു

ചുള്ളിക്കാടിന്റെ പാബ്ലോ നെരൂദ